Timely news thodupuzha

logo

കർണാടകയിൽ ഓപ്പറേഷൻ ഹസ്തക്കൊരുങ്ങി കോൺഗ്രസ്

ബാംഗ്ലൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിൽ ‘ഓപ്പറേഷൻ ഹസ്ത’ നടപ്പാക്കാനൊരുങ്ങി കോൺഗ്രസ്. ബിജെപിയിലെയും ജെഡി(എസ്)ലെയും മുതിർന്ന നേതാക്കൾ അടക്കമുള്ളവരെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണ് സൂചന. ‌

കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഓപ്പറേഷൻ ഹസ്തയുടെ സൂചനകൾ പുറത്തു വിട്ടിരിക്കുന്നത്. കർണാടകയിൽ കോൺഗ്രസിന് മിന്നുന്ന വിജയം നേടിക്കൊടുത്ത കർണാടക കോൺഗ്രസ് പ്രസിഡന്‍റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറും ഇക്കാര്യത്തെ പൂർണമായി തള്ളുന്നില്ല. ചില സമയങ്ങളിൽ പാർട്ടിക്ക് നില നിൽപ്പില്ലാത്ത സാഹചര്യം ഉണ്ടായേക്കാം.

അത്തരം സാഹചര്യങ്ങളിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതായി വരും. ഇപ്പോൾ കോൺഗ്രസിൽ ചേരുന്നതിനായി നിരവധി പേർ എത്തുന്നുണ്ട്. പാർട്ടിക്ക് ഗുണകരമായതെന്തും ചെയ്യുമെന്നാണ് ശിവകുമാർ പറയുന്നത്.

2019ലാണ് കർണാടകയിൽ കോൺഗ്രസ് ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോയത്. കോൺഗ്രസും ജെഡിഎസും ചേർന്നുള്ള മുന്നണിയിൽ നിന്ന് നിന്നുള്ള 17 എംഎൽഎമാരാണ് പിന്തുണ പിൻവലിച്ചത്. ഇതിൽ 16 പേരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സ്പീക്കർ അയോഗ്യത പ്രഖ്യാപിച്ചുവെങ്കിലും തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ഇതിൽ 15 പേരും വിജയിച്ചു കയറി.

അധികാരം നേടാൻ ബിജെപിയെ അതു വളരെയധികം സഹായിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതോടെ അന്നു കോൺഗ്രസിനെ തള്ളിപ്പറഞ്ഞവരിൽ ചിലർ തിരിച്ച് പാർട്ടിയിലേക്ക് വരാൻ തയാറായിട്ടുണ്ട്. 28 ലോക്സഭാ സീറ്റുകളാണ് കർണാടകയിൽ ഉള്ളത്. ഇതിൽ 20 സീറ്റുകളെങ്കിലും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

Leave a Comment

Your email address will not be published. Required fields are marked *