ബാംഗ്ലൂർ: ചാന്ദ്ര ദൗത്യത്തിൽ നിർണായകമായ ഒരു ചുവടു വയ്പ്പു കൂടി നടത്തി ഇന്ത്യയുടെ ചന്ദ്രയാൻ -3. ചന്ദ്രോപരിതലത്തിൽ നിന്ന് ചന്ദ്രയാൻ -3യുടെ ലാൻഡർ(വിക്രം) ഒന്നു കൂടി ഉയർത്തിയതിനു ശേഷം വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ് നടത്തിയതായി ഇസ്രൊ വ്യക്തമാക്കി.
ചന്ദ്രനിൽ നിന്ന് പേടകങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്നതടക്കമുള്ള ഭാവി പദ്ധതികൾക്ക് പ്രതീക്ഷയേകുന്നതാണ് ഈ പരീക്ഷണ വിജയം. ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റീ മീറ്ററോളം ഉയർത്തിയതിനു ശേഷം 30 മുതൽ 40 സെൻറീമീറ്റർ വരെ അകലെ റാംപ്, ചാസ്റ്റെ, എൽസ തുടങ്ങിയ പേ ലോഡുകൾ മടക്കി വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡ് ചെയ്യിക്കുകയായിരുന്നുവെന്ന് ഐ.എസ്.ആർ.ഒ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
ഭാവിയിൽ മനുഷ്യരുമായി പോകുന്ന പേടകങ്ങളെ തിരിച്ചെത്തിക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാണെന്ന് ഇസ്രൊ പറയുന്നു. ചന്ദ്രൻറെ ദക്ഷിണ ധ്രുവം തൊടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഉപരിതലത്തിൽ എത്തിയതിനു ശേഷം ചന്ദ്രനിലെ സൾഫറിൻറെ സാനിധ്യം അടക്കം നിരവധി നിർണായക വിവരങ്ങൾ ചന്ദ്രയാൻ -3 കൈമാറിയിരുന്നു.
ചന്ദ്രനിൽ 14 ദിവസം നീണ്ടു നിൽക്കുന്ന രാത്രി ആരംഭിക്കുന്നതിനാൽ നിലവിൽ താത്കാലികമായി റോവറിൻറെ പ്രവർത്തനം സ്ലീപ് മോഡിലാക്കിയിരിക്കുകയാണ്. ചന്ദ്രനിലെ രാത്രികാലത്തനുഭവപ്പെടുന്ന കടുത്ത ശൈത്യത്തെ അതിജീവിക്കാൻ സാധിച്ചാൽ സെപ്റ്റംബർ 22 മുതൽ ലാൻഡറും റോവറും വീണ്ടും പ്രവർത്തനമാരംഭിക്കുമെന്നാണ് ഇസ്രൊയുടെ പ്രതീക്ഷ.