തിരുവനന്തപുരം: സൗര രഹസ്യങ്ങൾ തേടിയുള്ള യാത്രക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ഐ.എസ്.ആർ.ഒ ദൗത്യം ആദിത്യ എൽ1. സാങ്കൽപ്പിക ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടെ ആദിത്യ എൽ1 എടുത്ത സ്വന്തം ചിത്രം അടക്കമാണ് ഐ.എസ്.ആർ.ഒ പുറത്തു വിട്ടത്.
ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേയ്‌സ് സെന്ററിൽനിന്ന് സെപ്തംബർ മൂന്നിന് 11.50 നായിരുന്നു ആദിത്യ എൽ1ന്റെ വിക്ഷേപണം. പി.എസ്.എൽ.വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം.
നാലുമാസം നീളുന്ന യാത്രയ്ക്ക് ഒടുവിൽ ജനുവരി ആദ്യവാരം ലക്ഷ്യത്തിലെത്തും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നിൽ നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുക.