മലപ്പുറം: നിപാ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അറുപതുകാരിക്ക് നിപാ ഇല്ലെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് അയച്ച സ്രവപരിശോധനയുടെ ഫലം നെഗറ്റീവ് ആണ്. ഇതോടെ ആശങ്കയുടെ മുൾമുനയിൽനിന്ന് മലപ്പുറത്തിന് ആശ്വാസം ലഭിച്ചു. ബുധനാഴ്‌ചയാണ് കടുത്ത പനിയും അപസ്മാരവുമായി അരീക്കോട് എളയൂർ സ്വദേശിയായ വയോധിക ആശുപത്രിയിൽ എത്തിയത്. നിപാ ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.