Timely news thodupuzha

logo

റസാക്ക് ചൂരവേലിയ്ക്ക് എതിരെ നടത്തുന്ന അക്രമണ ആഹ്വാനങ്ങളിൽ നിന്നും സി.പി.ഐ ജില്ലാ നേതാക്കൾ പിന്തിരി.ണം; ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ്

തൊടുപുഴ: അതിജീവന പോരാട്ട വേദി ഇടുക്കിയുടെ ചെയർമാനും ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ ജനറൽ കൺവീനറുമായ റസാക്ക് ചൂരവേലിയ്ക്ക് എതിരെ നടത്തുന്ന അക്രമണ ആഹ്വാനങ്ങളിൽ നിന്നും ആരോപണങ്ങളിൽ നിന്നും സിപിഐയുടെ ജില്ലാ നേതാക്കൾ പിന്തിരിയണമെന്ന് ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ് തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിനെതിരെ നടത്തുന്നതാണെന്ന് പറയപ്പെടുന്ന കാൽനട പ്രചരണ ജാഥയിൽ സി.പി.ഐയുടെ ഇടുക്കി ജില്ലാ നേതാക്കൾ ഇടുക്കിജില്ലയിലെ ജനങ്ങളുടെ നിർദ്ദേശങ്ങൾ ജന പ്രതിനിധികളെ അറിയിച്ചതിനെ വിമർശിച്ചുകൊണ്ട് വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നു.

ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ റസാക്ക് ചൂരവേലിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ജില്ലയിൽ സഞ്ചരിക്കാൻ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

ജനാധിപത്യ രാജ്യത്ത് നിയമ നിർമ്മാണ സഭകളിൽ നടക്കുന്ന നിയമ നിർമാണങ്ങളിൽ ഇന്ത്യൻ ഭരണഘടന അനുസരിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം സമർപ്പിക്കാം എന്ന കാര്യമെങ്കിലും രാഷ്ട്രീയ നേതാക്കൾ മനസ്സിലാക്കണം.

ഭേദഗതി ബില്ല് സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് എന്ന് ഉറക്കെ പറയുന്ന സംഘടനകൾക്കെതിരെ കൊലവിളി നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ സംഘടനകളും ഇത്തരം പ്രവണതകളെ അപലപിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും സംഘടന വ്യക്തമാക്കി.

തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ റസാക്ക് ചുരവേലിൽ, കെ.ആർ.വിനോദ്, പി.എം. ബേബി, ഡയസ് ജോസ്, ആർ.രമേശ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *