ഹാങ്ങ്ചൗ: അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോഡുകൾ പഴങ്കഥയാക്കി നേപ്പാൾ. ഏഷ്യൻ ഗെയിംസ് മത്സരത്തിലെ മംഗോളിയയുമായുള്ള മത്സരത്തിലാണ് നേപ്പാളിന്റെ നേട്ടം.
ആദ്യം ബാറ്റു ചെയ്‌ത നേപ്പാൾ 20 ഓവറിൽ 314/3 റൺസാണ് അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി 20യിലെ ഏറ്റവും വലിയ ടോട്ടൽ. അയർലൻഡിനെതിരെ അഫ്‌ഗാനിസ്ഥാൻ നേടിയ മൂന്നിന് 278 റെക്കോർഡാണ് നേപ്പാൾ തകർത്തത്. ഒമ്പത് പന്തിൽ 50 റൺസെടുത്ത് നേപ്പാളിന്റെ ദീപേന്ദ്ര സിങ്ങ് എയ്‍രി ട്വന്റി20യിലെ അതിവേഗ അർധ സെഞ്ചറി സ്വന്തം പേരിലാക്കി.
12 പന്തുകളിൽ അർധ സെഞ്ചറി നേടിയ ഇന്ത്യൻ താരം യുവരാജ് സിങ്ങിനെയാണ് ദീപേന്ദ്ര പിന്തള്ളിയത്. പത്ത് പന്തിൽ നിന്ന് 52 റൺസുമായി താരം പുറത്താകാതെ നിന്നു.50 പന്തുകളിൽനിന്ന് പുറത്താകാതെ 137 റൺസ് നേടിയ കുശാൽ മല്ലയാണ് ടോപ്സ്കോറർ.
34 പന്തുകളിൽ നിന്ന് സെഞ്ചറി തികച്ച മല്ല ഇന്ത്യയുടെ രോഹിത് ശർമയുടെയും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിന്റെയും റെക്കോർഡും തകർത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മംഗോളിയ 41 റൺസിന് പുറത്തായി.