തൃശൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എം.കെ.കണ്ണൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ രാമനിലയത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
കരുവന്നൂർ സഹകരണ ബാങ് തട്ടിപ്പിന്‍റെ ഭാഗമായി നടന്ന കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാവാനിരിക്കെയാണ് കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം ഇ.ഡി കണ്ണനെ ചോദ്യം ചെയ്തു.
ഇന്നത്തെ ചോദ്യം ചെയ്യൽ കണ്ണന് നിർണായകമാണ്. കേസിൽ സി.പി.എം പ്രദേശിക നേതാവ് പി.ആർ.അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് കണ്ണന് ഈ ചോദ്യം ചെയ്യൽ നിർണായകമാവുന്നത്.
എന്നാൽ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി പരിചയമുണ്ടെന്നല്ലാതെ തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് കണ്ണന്‍റെ നിലപാട്. ഇ.ഡിയുടെ കുരുക്കു മുറുകുന്നതോടെ പാർട്ടിയുടെ പിന്തുണ ഉറപ്പികുക എന്നതാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലൂടെ എം.കെ.കണ്ണന്‍റെ ലക്ഷ്യമെന്നാണ് വിവരം.