സംഭൽ: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധം അടങ്ങും മുമ്പ് ഉത്തർപ്രദേശിൽ വീണ്ടും സമാന സംഭവം. ഇത്തവണ മുസ്‌ലിം വിദ്യാർഥിയെ കൊണ്ട് ഹിന്ദുവായ സഹപാഠിയെ തല്ലിച്ചതിന്‍റെ പേരിലാണു വിവാദം.
സംഭലിലെ ദുഗവറിൽ സ്വകാര്യ സ്കൂളിലുണ്ടായ സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ അച്ഛൻ നൽകിയ പരാതിയിലാണു നടപടി.
തന്‍റെ മകൻ ക്ലാസിൽ ചോദ്യത്തിന് ഉത്തരം പറയാത്തതിനാൽ സഹപാഠിയായ മുസ്‌ലിം വിദ്യാർഥിയെക്കൊണ്ട് അടിപ്പിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു. അധ്യാപികയായ ഷൈസ്തയ്ക്കെതിരേ ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതുൾപ്പെടെ കുറ്റങ്ങൾ ചുമത്തിയാണു കേസ്.
മുസാഫർനഗറിലെ ഖുബ്ബപുരിൽ മുസ്‌ലിം വിദ്യാർഥിയെ ഇതരമതസ്ഥനായ വിദ്യാർഥിയെക്കൊണ്ട് തല്ലിച്ചത് രാജ്യത്താകെ വലിയ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിരുന്നു.
ഗൃഹപാഠം ചെയ്യാത്തതിന്‍റെ പേരിലായിരുന്നു ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപികയുടെ ക്രൂരത. സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരേ കേസെടുത്തിരുന്നു.
ഈ സംഭവം ഞെട്ടിക്കുന്നതാണെന്നും കുട്ടികൾക്ക് കൗൺസലിങ് നൽകണമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശിച്ചിരുന്നു. കേസ് വീണ്ടും ഒക്റ്റോബർ 30ന് പരിഗണിക്കാനിരിക്കെയാണു യുപിയിൽ വീണ്ടും സമാന സംഭവം.