Timely news thodupuzha

logo

വിദ്യാർത്ഥികളെ അക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

പാലക്കാട്: വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ അക്രമിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമിറ്റക്കോട് ഇറുമ്പകശ്ശേരി സ്വദേശികളായ ജുനൈദ്, ജാബിർ, രാഹുൽ, ഇവർക്ക് രക്ഷപ്പെടാനായി വാഹനവും മറ്റും നൽകിയ ജുബൈർ, പ്രതികൾക്ക് ഒളിത്താവളമൊരുക്കിയ അബു എന്നിവരെയാണ് ഷൊർണ്ണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കരിങ്കല്ലത്താണിയിൽ വെച്ച് പിടികൂടിയത്.

പ്രതികളെ ഇന്നലെ ആറങ്ങോട്ടുകരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച വൈകീട്ടാണ് ആറങ്ങോട്ടുകര സെൻററിൽ വെച്ച് മൂന്നംഗ സംഘം കുറ്റിപ്പുറത്തെ കെ.എം.സി.ടി കോളെജിലെ വിദ്യാർഥികൾക്ക് നേരെ ആയുധങ്ങളുമായി ആക്രമണം നടത്തിയത്.

വിദ്യാർത്ഥികളുടെ കൂടെയുണ്ടായിരുന്ന ഒരു അദ്ധ്യാപകനെ ആറങ്ങോട്ടുകരയിൽ ഇറക്കി വിടാനായി വാഹനം നിർത്തിയപ്പോൾ പ്രതികൾ വിദ്യാർത്ഥിനികളോട് അശ്ലീല കമൻറ് പറഞ്ഞതാണ് അനിഷ്ട സംഭവങ്ങൾക്ക് തുടക്കം.

കൂടെയുള്ള വിദ്യാർത്ഥികൾ ഇത് ചോദ്യം ചെയ്തതോടെ, പ്രകോപിതരായ ക്രിമിനൽ സംഘം വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും നേരെ അക്രമം അഴിച്ച് വിടുകയായിരുന്നു.

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ്‌ ബസ്സിന് നേരെ കല്ലേറ് നടത്തിയ സംഘം വീണ്ടും വടിവാളും മറ്റുമായി ആറങ്ങോട്ടുകര സെന്ററിലെത്തി അക്രമം തുടർന്നു. വിദ്യാർത്ഥികളടക്കം 10 പേർക്ക് സാരമായ പരിക്കേറ്റിരുന്നു. ഇവർ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവമറിഞ്ഞ് നാട്ടുകാർ തടിച്ച് കൂടിയെങ്കിലും വടിവാളും മറ്റും കയ്യിലുള്ളതിനാൽ ഗുണ്ടാ സംഘത്തിനെ നേരിടാനായില്ല. വിവരമറിഞ്ഞ് പോലിസ് എത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.

വിദ്യാർഥികൾക്കെതിരെ ആക്രമണം നടത്തിയ ആയുധധാരികളായ ക്രിമിനൽ സംഘത്തെ മണിക്കൂർകൾക്കകമാണ് കരിങ്കല്ലത്താണിയിലെ ഒളിത്താവളം വളഞ്ഞ് പൊലീസ് പിടികൂടിയത്.

ഷൊർണ്ണൂർ ഡി.വൈ.എസ്.പി പി.സി ഹരിദാസ്, ചാലിശ്ശേരി സി.ഐ സതീഷ് കുമാർ, എസ്.ഐമാരായ ജോളി സെബാസ്റ്റ്യൻ, ഋഷി പ്രസാദ്, റഷീദലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ റഷീദ്, രാജേഷ്, രജീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *