ന്യൂഡൽഹി: ഇസ്രയേൽ ലക്ഷ്യമിടുന്നത് ഹമാസിനെ മാത്രമാണെന്നും പലസ്‌തീനികളെ അല്ലെന്നുമുള്ള വാദം പൊള്ളത്തരമാണെന്ന് സി.പി.ഐ(എം) പി.ബി അംഗം ബൃന്ദ കാരാട്ട്. വെസ്റ്റ്‌ബാങ്കിൽ ഹമാസില്ല.
എന്നിട്ടും വെസ്റ്റ് ബാങ്ക് ആക്രമിക്കപ്പെടുകയാണ്. യുദ്ധക്കുറ്റമാണ് ഇസ്രയേൽ ചെയ്യുന്നത്. വെസ്റ്റ് ബാങ്കിൽ ഒലീവ് ശേഖരിക്കാൻ പോയ പലസ്‌തീൻ കർഷകരെ ഇസ്രയേലിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ കഴിഞ്ഞദിവസം ആക്രമിച്ചു.
ഹമാസ് മാത്രമല്ല ഇസ്രയേലിന്റെ ലക്ഷ്യമെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇന്ത്യയിൽ മുഖ്യമന്ത്രിമാരിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യമറിയിച്ച് രംഗത്തു വന്നതെന്നും ബൃന്ദ പറഞ്ഞു.
140 കോടി ഇന്ത്യക്കാരുടെ താൽപ്പര്യമല്ല മോദി സർക്കാരിലൂടെ യു.എന്നിൽ പ്രതിഫലിക്കപ്പെട്ടതെന്ന് പി.ബി അംഗം മണിക്ക് സർക്കാർ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ സംഘപരിവാറിന് പങ്കാളിത്തമില്ലാത്തതിനാലാണ് വിമോചനസമരങ്ങൾക്ക് അനുകൂലമായ പൊതുനിലപാട് മോദി സർക്കാർ സ്വീകരിക്കാത്തതെന്ന് പി.ബി അംഗം മുഹമദ് സലീം പറഞ്ഞു.