Timely news thodupuzha

logo

കാൽ നൂറ്റാണ്ടിന് ശേഷം ഗോവിന്ദിന് കറുകച്ചാൽ പൊലീസ് നൽകിയത് സ്വന്തം അമ്മയേയും പെങ്ങളേയും

കോട്ടയം: കാൽനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് ശേഷം ഗോവിന്ദിന് ലഭിച്ചത് സ്വന്തം അമ്മയേയും പെങ്ങളേയും. സ്നേഹോഷ്മളമായ ഇടപെടലിൽ വിശദമായ അന്വേഷണത്തിനൊടുവിൽകണ്ടെത്തി നൽകിയത് കറുകച്ചാൽ പൊലീസും. അമ്മയെയും സഹോദരിയെയും തിരിച്ചു കിട്ടിയപ്പോൾ കാക്കിയിട്ട കൺകണ്ട ദൈവങ്ങളുടെ മുന്നിൽ സന്തോഷാശ്രു പൊഴിക്കുകയാണ് ഗുജറാത്ത്കാരനായ ഗോവിന്ദ്. 25 വർഷങ്ങൾക്ക് മുന്‍പ് തനിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മയെ ഉപേക്ഷിച്ച് അച്ഛനോടൊപ്പം പോകേണ്ടിവന്ന ഗോവിന്ദ് വർഷങ്ങൾക്കുശേഷം തന്റെ അമ്മയെയും സഹോദരിയെയും കറുകച്ചാൽ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണിപ്പോൾ.  


കഥയല്ലിത് ജീവിതം:

കാൽ നൂറ്റാണ്ടിന് മുമ്പ് ഗുജറാത്തുകാരനായിരുന്ന രാം ഭായി എന്ന ചെറുപ്പക്കാരനും കറുകച്ചാൽ കറ്റുവെട്ടി ഭാഗത്തുള്ള ഗീത എന്ന യുവതിയും വിവാഹിതരായി. ഇവർക്ക് ഒരാൺകുട്ടി ജനിച്ചു പേര് ഗോവിന്ദ്. ഗോവിന്ദിന് ഒന്നര വയസ് കഴിഞ്ഞ സമയം    രാം ഭായിയും ഗീതയും തമ്മിൽ  കുടുംബപരമായ പ്രശ്നങ്ങളാൽ പിണങ്ങേണ്ടി വന്നു. ആ സമയം ഗീത ഗർഭിണിയാണ്. രാംഭായി ഗർഭിണിയായ ഗീതയെ ഉപേക്ഷിച്ച് ഗോവിന്ദുമായി ഗുജറാത്തിലേക്ക് പോയി. രാം ഭായി പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. പക്ഷേ  നിറവയറുമായി നിൽക്കുന്ന മാതാവിനെ ഓർമകളിൽ സൂക്ഷിച്ച ഗോവിന്ദ്  25 വർഷങ്ങൾക്ക് ശേഷം അമ്മയെ അന്വേഷിച്ച് കേരളത്തിലെത്തുകയും പിന്നീട് സഹായമഭ്യർഥിച്ച് കറുകച്ചാൽ പൊലീസിനെ സമീപിക്കുകയുമായിരുന്നു. 

‘ഒരു പൊലീസുകാരന്‍റെ വീടിനടുത്താണ് ഗീതയുടെ വീട് ‘ എന്ന് മാത്രമേ അച്ഛന് ഓര്‍മയില്‍ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു ഗോവിന്ദിന് പൊലീസിന് കൈമാറാനുണ്ടായിരുന്ന ആകെയുള്ള ഒരു വിവരം. സന്മനസുള്ള പൊലീസുകാർ ഉടൻ തന്നെ ഉണർന്ന് പ്രവർത്തിച്ചു. കറുകച്ചാല്‍ എഎസ്ഐ അജിത് കുമാർ, സിപിഓമാരായ അൻവർ കരീം, കെ.കെ പ്രമോദ് എന്നിവർ അന്വേഷണം ഏറ്റെടുത്തു. തുടർന്ന് ആ കാലഘട്ടത്തിൽ അവിടെ ജോലിയില്‍ ഉണ്ടായിരുന്ന എല്ലാ പൊലീസുകാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഒപ്പം അവരോട് വിവരങ്ങള്‍ തിരക്കുകയും ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗം ശ്രീജാ മനുവിനെയും സമീപിച്ച് വിവരങ്ങൾ കൈമാറി. ഒടുവിൽ ഗീതയെയും മകളെയും കണ്ടെത്തി. ഒപ്പം ഗോവിന്ദിന് തന്റെ മാതാവിനെയും സഹോദരിയെയും ലഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *