തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്‌ക്ക് വ്യാഴാഴ്‌ച തലസ്ഥാനത്ത് തുടക്കമാകും. മുഖ്യവേദിയായ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പകൽ 11ന് സ്‌പീക്കർ എ.എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. നഗരത്തിലെ ഏഴ് സ്‌കൂളുകൾ വേദിയൊരുക്കുന്ന നാല് ദിവസത്തെ മേളയിൽ ജില്ലകളിൽനിന്നുള്ള ഒന്നും രണ്ടും സ്ഥാനക്കാർ മാറ്റുരയ്‌ക്കും.
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകളിൽ 180 ഇനങ്ങളിലായി 7500 വിദ്യാർഥികൾ പങ്കെടുക്കും. 3000 അധ്യാപകരും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും വളന്റിയർമാരുമുണ്ടാകും.
വൊക്കേഷണൽ എക്‌സ്‌പോ, കരിയർ ഫെസ്‌റ്റ് എന്നിവയും കലാപരിപാടികളുമുണ്ട്. സമാപന സമ്മേളനം ഡിസംബർ മൂന്നിന് വൈകിട്ട് നാലിന് വി കെ പ്രശാന്ത് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.