തിരുവനന്തപുരം: വിവാദങ്ങൾക്കിടെ റോബിൻ ബസിൻറെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്റ്റേറ്റ് ട്രാൻസ്പോർട് അതോറിറ്റി സെക്രട്ടറി കൂടിയായ മോട്ടോർ വാഹനവകുപ്പ് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ മനോജ് കുമാറാണ് പെർമിറ്റ് റദ്ദാക്കിയത്.
പത്തനംതിട്ട എൻഫോഴ്സ്മെൻറ് വിഭാഗം ആർടിഒയുടെ കത്തിൻറെ അടിസ്ഥാനത്തിൽ 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് പ്രകാരമാണ് നടപടി.
പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസിന് തമിഴ്നാടും കേരളവും നിരവധി തവണ പിഴയിട്ടിരുന്നു. സാധുതയുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റില്ലാതെ യാത്രക്കാരിൽ നിന്ന് പ്രത്യേകം ചാർജ് ഈടാക്കി സ്റ്റേജ് കാര്യേജായി ഓടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
എന്നാൽ ഇത് ശരിയല്ലെന്നായിരുന്നു റോബിൻ ബസിൻറെ നടത്തിപ്പുകാരൻ ഗിരീഷ് ആരോപിച്ചിരുന്നത്. കോഴിക്കോട് സ്വദേശിയായ കെ കിഷോറിണെ പേരിലാണ് ബസിൻറെ ഓൾ ഇന്ത്യ പെർമിറ്റ്.