തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആർ.റ്റി.സി ബസുകളുടെ സർവ്വീസുകൾ നിർത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ. സമയക്രമത്തിൻറെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിൻറെ കാരണമെങ്കിൽ സമയക്രമം പരിഹരിക്കും.
ഉൾമേഖലയിലേക്കുള്ള യാത്ര സംവിധാനങ്ങൾ നിലനിർത്തുമെന്നും അദേഹം പറഞ്ഞു. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ കെ.എസ്.ആർ.റ്റി.സിക്ക് ആദായനികുതി വകുപ്പിൻറെ അനുവാദം വാങ്ങണം.
അതിനുള്ള അപേക്ഷ നൽകാൻ കെ.എസ്.ആർ.റ്റി.സി എം.ഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡുകളിൽ ടോയ്ലറ്റ്, മൂലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യവും ഒരുക്കും.യൂണിയനുകളുമായി സൗഹൃദത്തിൽ പോകും.
ശമ്പളം, പെൻഷൻ എന്നിവയാണു തൊഴിലാളികളുടെ ആവശ്യം. ഇത്തരം കാര്യങ്ങളിൽ സുതാര്യമായ ചർച്ചയുണ്ടാകും. ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ കർശനമായി ക്യാമറകൾ വയ്ക്കുമെന്നും മൊബൈൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.






