അമ്പലപ്പുഴ: ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചൻ്റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടരുതെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. സ്കൂട്ടർ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവദാനം ചെയ്ത അമ്പിളിയുടെ മകൻ അനന്തുവിനേയും കുടുംബാംഗങ്ങളേയും ആദരിക്കാനും, സ്കൂളിൽ രൂപീകരിച്ചിരിക്കുന്ന ഷേക്സ്പിയർ നാടകവേദി അലോഷ്യൻ സ്ട്രാറ്റ്ഫോർഡ് സ്റ്റേജിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാനും എത്തിയതായിരുന്നു അദ്ദേഹം.
പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന പ്രബോധനമാണ് കേരളത്തിൽ വിദ്യാഭ്യാസ പുരോഗതിക്ക് നാന്ദി കുറിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവല്ല അതിരൂപത മെത്രാപ്പോലീത്താ മോസ്റ്റ് റവ.ഡോ.തോമസ് മാർ കൂറീലോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എടത്വാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്ജ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, സ്കൂളിൻ്റെ അസിസ്റ്റൻ്റ് മാനേജർ ഫാ.എബി പുതിയാപറമ്പിൽ, എടത്വാ സെൻ്റ് ജോർജ്ജ് ഫൊറോനാപ്പള്ളി ട്രസ്റ്റി ജോസഫ് തോമസ് കുന്നേൽ, പി.ടി.എ പ്രസിഡൻറ് സേവ്യർ മാത്യു നെല്ലിക്കൽ, പ്രധാന അധ്യാപകൻ ടോം.ജെ.കൂട്ടക്കര എന്നിവർ പ്രസംഗിച്ചു.
അനന്തു ശിവപ്രസാദിനും കുടുംബത്തിനും പ്രശംസാപത്രം നൽകി. അലോഷ്യൻ സ്ട്രാറ്റ്ഫോർഡ് സ്റ്റേജിൻ്റെ ലോഗോ ഗവർണർ പ്രകാശനം ചെയ്തു. റവ.ഡോ.തോമസ് മാർ കൂറീലോസും അനന്തു ശിവപ്രസാദും ചേർന്ന് സമ്മേളന സ്മാരകമായി മാങ്കോസ്റ്റിൻ വൃക്ഷത്തൈ നട്ടു. റവ.ഡോ.തോമസ് മാർ കൂറീലോസ് ഗവർണർക്ക് മെമൻ്റോ നൽകി.