Timely news thodupuzha

logo

അനിമേഷൻ, ഗെയ്‌മിങ് മേഖലയിൽ 50,000 തൊഴിലവസരം

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയായി വിശേഷിപ്പിക്കുന്ന എവിജിസി എക്‌സ്‌ആർ രംഗത്ത്‌ കേരളം അഞ്ചു വർഷത്തിനകം 50,000 തൊഴിലവസരം സൃഷ്ടിക്കും.

അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്‌, ഗെയ്‌മിങ്‌ ആൻഡ് കോമിക്‌സ്‌, എക്‌സ്റ്റന്റഡ് റിയാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ്‌ എവിജിസി – എക്‌സ്‌.ആർ രംഗം.

സംസ്ഥാനത്ത്‌ 2029നകം ഈ രംഗത്ത്‌ 250 ബഹുരാഷ്ട്ര കമ്പനികളെയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ സംസ്ഥാന സർക്കാർ പുറത്തിറക്കിയ കരടുനയത്തിൽ പറയുന്നു.

രാജ്യത്തെ എവിജിസി – എക്‌സ്‌ആർ കയറ്റുമതി വരുമാനത്തിന്റെ പത്തു ശതമാനം നേടാൻ സംസ്ഥാനത്തെ പ്രാപ്തമാക്കും. ഓരോ വർഷവും 10,000 പ്രൊഫഷണലുകളെ കണ്ടെത്തി ഈ മേഖലയിൽ സജ്ജരാക്കും.

രാജ്യത്തെ എവിജിസി – എക്‌സ്‌ആർ ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തിൽനിന്നാക്കും. ഇ – ഗെയിമിങ്ങും എക്‌സ്‌.ആറും ഉൾപ്പെടുത്തി സ്റ്റാർട്ടപ്‌ മിഷന്റെ എമർജിങ്‌ ടെക്നോളജി ഹബ്ബ്‌ വിപുലീകരിക്കും.

ഈ രംഗത്ത്‌ 150 സ്റ്റാർട്ടപ്പുകളെ ഇൻകുബേറ്റ് ചെയ്യും. കെ – ഡിസ്‌ക്‌ ആസൂത്രണംചെയ്ത വർക്ക് നിയർ ഹോം പദ്ധതിയിൽ എ.വി.ജി.സി – എക്‌സ്‌.ആർ ലാബുകൾ നിർമിക്കും.

ഈ രംഗത്തെ മികവിന്റെ കേന്ദ്രം തലസ്ഥാന ജില്ലയിൽ 20 ഏക്കറിൽ സ്ഥാപിക്കും. ഐ.റ്റി പാർക്കുകളിലും വ്യവസായ പാർക്കുകളിലും എ.വി.ജി.സി – എക്‌സ്‌.ആറിനായി പ്രത്യേക ഇടം നൽകും. ചലച്ചിത്രവികസന കോർപറേഷന്റെ സ്റ്റുഡിയോകൾ ഈ സാധ്യതകൾ മുന്നിൽക്കണ്ട് നവീകരിക്കും.

എ.വി.ജി.സി – എക്‌സ്‌.ആർ അഭിരുചി വളർത്തിയെടുക്കാൻ വിദ്യാഭ്യാസ പദ്ധതിയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരും. ഈ രംഗത്ത്‌ പുതിയ കോഴ്‌സുകൾ ആരംഭിക്കുമെന്നും കരടുനയത്തിൽ പറയുന്നു.

സ്റ്റാർട്ടപ്‌ മിഷൻ, കെ.എസ്.ഐ.ഡി.സി, കെ.എസ്.എഫ്.ഡി.സി, ഡിജിറ്റൽ സർവകലാശാല, സാങ്കേതിക സർവകലാശാല, സി – ഡിറ്റ്, കെ – ഫോൺ, കെ – ഡിസ്‌ക്‌, നോളജ്‌ ഇക്കോണമി മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്ത പ്രവർത്തനം ഈ മേഖലയ്‌ക്കായി ഉപയോഗപ്പെടുത്തും.

കരടുനയത്തിൽ പൊതുജനങ്ങൾക്കും ഈ രംഗത്തെ ആഗോള കമ്പനി മേധാവികൾ, പ്രൊഫഷണലുകൾ, അധ്യാപകർ, വിദ്യാർഥികൾ, നിക്ഷേപകർ എന്നിവർക്കും നിർദേശങ്ങൾ സമർപ്പിക്കാം.

നിർദേശങ്ങൾകൂടി കണക്കിലെടുത്ത്‌ സമഗ്രനയത്തിന്‌ രൂപംനൽകും. കരടു നയത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും ഈ ലിങ്കിലൂടെ അറിയിക്കാം – https://avgcpolicy.startupmission.in.

Leave a Comment

Your email address will not be published. Required fields are marked *