Timely news thodupuzha

logo

കാലടിയിൽ പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ ലഹരി കടത്ത്; പിടിയിലായത് അങ്കമാലി സ്വദേശി

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ ലഹരി കടത്ത് നടത്തിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍. 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസിലാണ് മലയാളിയായ വിജിന്‍ വര്‍ഗീസിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തത്. എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ ആണ് വിജിന്‍ വര്‍ഗീസ്. 

ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. 198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നും അടക്കമുള്ള ലഹരിവസ്തുക്കളാണ് മുംബൈയില്‍ പിടിച്ചെടുത്തത്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂര്‍ ആണ് പഴം ഇറക്കുമതിയില്‍ വിജിന്‍റെ പങ്കാളി. കഴിഞ്ഞമാസം 30 നാണ് പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച ലഹരിയുമായി എത്തിയ ട്രക്ക് പിടിയിലാകുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ ഉണ്ടായിരുന്നത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇവ എത്തിയിരുന്നത്. 

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടിയിലാകുന്നത്. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ട്രക്കിലുണ്ടായിരുന്നു. സംഭവത്തില്‍ വിജിനെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിന്‍റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിലിനെ ഡിആര്‍ഐ തിരയുന്നു. ഇടപാടില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണെന്ന് ഡിആര്‍ഐ പറയുന്നു. എന്നാല്‍ ലഹരിക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍ വിജിന്‍ വര്‍ഗീസ് ഡിആര്‍ഐയോട് പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *