Timely news thodupuzha

logo

കോട്ടയം മെഡിക്കല്‍ കോളെജില്‍ കീഴ്താടിയെല്ലിൻ്റെ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളുടെ ചരിത്രത്തിൽ ആദ്യമായി കീഴ്താടിയെല്ലിൻ്റെ അതിസങ്കീര്‍ണമായ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിജയം. കോട്ടയം ഡെന്റല്‍ കോളെജിലെ ഓറല്‍ ആൻഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ കോട്ടയം സ്വദേശിയായ 56കാരൻ സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ട്യൂമര്‍ കാരണം കീഴ്താടിയെല്ലും അതിനോട് അനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് പകരം പുതിയ കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുകയാണ് ചെയ്തത്. ട്യൂമര്‍ ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാല്‍ കവിളൊട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിൻ്റെ സാധ്യതയാരാഞ്ഞത്. ചെന്നൈയിലെ ലാബില്‍ സിടി സ്‌കാന്‍ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് കൃത്രിമ സന്ധിയുണ്ടാക്കി ശസ്ത്രക്രിയ നടത്തി വച്ചുപിടിപ്പിച്ചത്. മുഖഭാവങ്ങളും മുഖത്തെ വിവിധ പേശികളുടെ പ്രവര്‍ത്തനവും സാധ്യമാകുന്ന ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുന്നത് ഈ ശസ്ത്രക്രിയയുടെ സങ്കീര്‍ണതയാണ്. എന്നാല്‍ യാതൊരു പാര്‍ശ്വഫലവും കൂടാതെ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച നടന്ന ശസ്ത്രക്രിയ 7 മണിക്കൂര്‍ നീണ്ടു നിന്നു.

കോട്ടയം മെഡിക്കല്‍ കോളെജ് ഒഎംഎഫ്എസ് മേധാവി ഡോ. എസ് മോഹൻ്റെയും അനസ്‌തേഷ്യാ വിഭാഗം ഡോ. ശാന്തി, ഡോ. ഷീല വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഡോ. ദീപ്തി സൈമണ്‍, ഡോ. ബോബി ജോണ്‍, ഡോ. പി.ജി ആന്റണി, ഡോ. ജോര്‍ജ് ഫിലിപ്പ്, നഴ്‌സുമാര്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

Leave a Comment

Your email address will not be published. Required fields are marked *