കോട്ടയം: സന്ദീപ് വാര്യറെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി. ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സംഘടനാപരമായ നടപടിയാണ് പുറത്തു പറയേണ്ട കാര്യമില്ല എന്നാണ് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാർ ബിജെപി നേതൃത്വത്തിന് സന്ദീപ് വാര്യർക്കെതിരെ പരാതി നൽകിയിരുന്നു. പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളിലെ അധ്യക്ഷന്മാരാണ് പരാതി നൽകിയത്.
നേരത്തെ സ്വർണക്കടത്തു കേസുമായി ബന്ധമുള്ള ഷാജ് കിരണും സന്ദീപ് വാര്യരും കർണാടക ഊർജ്ജമന്ത്രി വി സുനിൽ കുമാറിൻ്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതും വിവാദമായിരുന്നു. നേരത്തെ ആരോപണ വിധേയനേയും പരാതിക്കാരെയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തി സംസ്ഥാന അദ്ധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണം തേടിയിരുന്നു.