കൊച്ചി: കേരളത്തെ നടുക്കിയ നരബലി നടത്തിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാനെന്ന് മൊഴി. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല സ്വദേശി ഭഗവന്ത് സിംഗ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്‍റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണ് പ്രതി ക്രൂരകൃത്യം ചെയ്തതെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സിഗ്നല്‍ പത്തനംതിട്ടയില്‍ കാണിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതവിവരം പുറത്തുവന്നത്.
സ്ത്രീകളെ തലയറുത്ത് കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ കിട്ടിയെന്നാണു വിവരം