തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങൾ ഇന്ത്യയുടെ പുതിയ സാങ്കേതിക കാലഘട്ടത്തിന് അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യവികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എൻജിനീയേഴ്സും (ഐഎൻഎഇ) ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) സംയുക്തമായി സംഘടിപ്പിച്ച എൻജിനീയേഴ്സ് കോൺക്ലേവ്- 2022ന്റെ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം വലിയമലയിലെ ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ് 3 ദിവസത്തെ സമ്മേളനം. ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ എസ്. സോമനാഥ് മുഖ്യപ്രഭാഷണം നടത്തി. കാർഷിക മേഖലയിൽ അധിക ഉപഗ്രഹങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽപിഎസ്സി ഡയറക്റ്റർ ഡോ. വി. നാരായണൻ സ്വാഗതം പറഞ്ഞു. ഐഎൻഎഇ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്റ്റർ ലഫ്റ്റനന്റ് കേണൽ (റിട്ട.) ശോഭിത് റായ് നന്ദി പറഞ്ഞു.
ഐഎസ്ആർഒ കേന്ദ്രങ്ങളുടെയും പ്രമുഖ എയ്റോസ്പേസ് സംരംഭങ്ങളുടെയും എൻജിനീയറിങ് എക്സിബിഷൻ വിഎസ്എസ്സി, ഐഐഎസ്ടി ഡയറക്റ്റർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, ഐഐഎസ്യു ഡയറക്റ്റർ ഡോ. ഡി. സാം ദയാല ദേവ് എന്നിവർ ഉദ്ഘാടനം ചെയ്തു. കോൺക്ലേവ്-2022 15ന് സമാപിക്കും. ബഹിരാകാശം ദേശീയ വികസനത്തിന്, ഇന്ത്യയെ ആഗോള ഉല്പാദന കേന്ദ്രമാക്കുക എന്നിവയാണ് എഞ്ചിനീയേഴ്സ് കോണ്‍ക്ലേവ്- 2022ലെ മുഖ്യ വിഷയങ്ങൾ.