പാരീസ്: ഫ്രാൻസിൽ തീവ്ര വലത് സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പാരീസിന് ചുറ്റും വേലികെട്ടി കർഷകർ.
ദിവസങ്ങൾ മുമ്പേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രാക്ടർ റാലിയായി പ്രതിഷേധം ആരംഭിച്ച കർഷകർ പാരീസ് നഗരത്തിനുചുറ്റും തമ്പടിച്ചിരിക്കുകയാണ്.
വയ്‌ക്കോൽ കൂനകൾ കൂട്ടിയും ട്രാക്ടറുകൾ നിരത്തിയും നഗരത്തിലേക്കുള്ള ഗതാഗതം ഉപരോധിച്ചിരിക്കുന്നു. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുംവരെ പ്രതിഷേധം തുടരുമെന്നാണ് കർഷകരുടെ പ്രഖ്യാപനം.
വിളകൾക്ക് ഉചിതമായ വില, വേതനവർധന, പ്രാദേശിക വിപണിയിൽ വിദേശ ഇടപെടൽ ഒഴിവാക്കുക, കൃഷിയുമായി ബന്ധപ്പെട്ട ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുള്ളത്.
അധികാരത്തിലെത്തി ആദ്യമാസത്തിൽത്തന്നെ രാജ്യം പ്രക്ഷോഭ ഭൂമികയായത് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റലിനെയും പ്രതിസന്ധിയിലാക്കി. അദ്ദേഹം പ്രഖ്യാപിച്ച ഏതാനും ആനുകൂല്യങ്ങൾ പര്യാപ്തമല്ലെന്ന് പറഞ്ഞ് കർഷക സംഘടനകൾ തള്ളി.
ഉടൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുമെന്നും കർഷകർക്ക് അനുകൂലമായ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും അറ്റൽ അറിയിച്ചിട്ടുണ്ട്.