തൊടുപുഴ: രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന കാർഷിക നയങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യറാകണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ തൊടുപുഴ – ഇളംദേശം ബ്ലോക്ക് കൺവൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായി ജോയിൻ്റ് കൗൺസിൽ എംപ്ലോയീസ് ഹാളിൽ വച്ച് നടന്ന ബ്ലോക്ക് കൺവൻഷൻ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ.ബിജുമോൻ ഉദ്ഘാടനം ചെയ്തു.
കെ.എ.റ്റി.എസ്.എ ജില്ലാ കമ്മിറ്റിയംഗം പി.കെ സാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ.വി സാജൻ, കെ.എ.റ്റി.എസ്.എ സംസ്ഥാന കമ്മിറ്റിയംഗം വി.കെ ജിൻസ്, അഗ്രികൾച്ചറൽ മിനി സ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എ.കെ സുഭാഷ്, ജില്ലാ പ്രസിഡൻ്റ് ബിനു വി ജോസ്, അൻസൽന ദിലീപ്, സുമയ്യ ജലീൽ എന്നിവർ സംസാരിച്ചു.
തൊടുപുഴ ബ്ലോക്ക് കൺവീനറായി പി.കെ സാജുവിനേയും ഇളംദേശം ബ്ലോക്ക് കൺവീനറായി അൻസൽന ദിലീപിനെയും കൺവൻഷൻ തെരെഞ്ഞെടുത്തു.
നെല്ല് സംഭരണത്തിന് ഫീൽഡു തലത്തിൽ ജോലി നോക്കുന്ന കൃഷി അസിസ്റ്റൻ്റുമാരെ കൂടി സ്ഥിരമായി നിയമിച്ചു കൊണ്ട് നെല്ല് സംഭരണം വേഗത്തിലാക്കുക, അസിസ്റ്റൻ്റ് കൃഷി ഓഫീസർ തസ്തിക മുഴുവൻ കൃഷിഭവനുകളിലും ഫാമുകളിലും അനുവദിക്കുക, സ്പെഷ്യൽ റൂൾസ് നടപടികൾ വേഗത്തിലാക്കുക, പൊതു സ്ഥലം മാറ്റത്തിന് സ്വതന്ത്ര സോഫ്റ്റ് വെയർ കൊണ്ടുവരിക തുടങ്ങി പ്രമേയങ്ങളും കൺവെൻഷനിൽ അവതരിപ്പിച്ചു. കെ.എ.റ്റി.എസ്.എ വനിതാ കമ്മിറ്റി സെക്രട്ടറി കെ.എം ബുഷറ സ്വാഗതവും ഇ.കെ ലീല നന്ദിയും പറഞ്ഞു.