കോട്ടയം: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
നിരപരാധികളായ നിരവധി പേർക്കെതിരെ കേസെടുത്ത സാഹചര്യമാണ് ഉള്ളത്. പല യുവതി യുവാക്കൾക്കും ഇതുമൂലം സർക്കാർ നിയമനങ്ങൾ ലഭിക്കാൻ പ്രയാസപ്പെടുകയാണ്. ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം പാലിച്ച് സംസ്ഥാന സർക്കാർ ഇനിയെങ്കിലും കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.