Timely news thodupuzha

logo

മലയാളിയായ ഡോ. സി.വി. ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ.ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ ചുമതല.

മേഘാലയ സര്‍ക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്ന ആനന്ദബോസ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ ചേര്‍ന്നത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തിനിടെ അന്നത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് ആനന്ദബോസ് ബിജെപി മെമ്പർഷിപ് സ്വീകരിച്ചത്.

കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്, ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. ആനന്ദബോസിനെ മുഴുവൻസമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിൽ അറിയിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *