ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കേ ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് രാഹുലിന്റെ യാത്രയെ പുകഴ്ത്തുന്നത്. ഭാരത് ജോഡോ യാത്രയെ നേരത്തെ സിപിഎം കേരളാ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. കണ്ടെയ്‌നര്‍ യാത്രയെന്നായിരുന്നു എം സ്വരാജിന്‍റെ പരിഹാസം
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ യാത്രയെ വിമര്‍ശിച്ചിരുന്നു. യാത്രയുടെ കൂടുതല്‍ ദിവസങ്ങള്‍ കേരളത്തിലാണെന്നതിനെയും സിപിഎം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കേരള നേതാക്കളുടെ വിമര്‍ശനങ്ങളൊന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.