Timely news thodupuzha

logo

സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ; സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കും: മന്ത്രി ജിആര്‍ അനിൽ

തിരുവനന്തപുരം: കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം  പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച വിജയം കണ്ടു. ഇതോടെ കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറുമെന്നും, ആ സമരം തങ്ങള്‍ക്ക് താത്പര്യമില്ലാതിരുന്നിട്ടും പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചതാണെന്നും റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ വ്യക്തമാക്കി.

റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ 49 ശതമാനമാക്കാനുള്ള സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കാണമെന്ന വ്യാപാരി സംഘടനകളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. ഫണ്ടിന്‍റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ച് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു.

ഈ സാമ്പത്തികവര്‍ഷത്തെ റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു.  എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന്‍റെകമ്മീഷനായി നല്‍കേണ്ടുന്ന തുക ബജറ്റ് വകയിരുത്തലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുന്‍കൂട്ടി കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കാണാന്‍ കഴിയാതെപോയതെന്നും മന്ത്രി ചര്‍ച്ചയില്‍ വിശദീകരിച്ചു.

റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മീഷന്‍ കൂടി ചേരുമ്പോള്‍ 28 കോടി രൂപയോളം ആവശ്യമായി വന്നു. ഇതും മുടക്കം കൂടാതെ സെപ്റ്റംബര്‍  മാസം വരെ വ്യാപാരികള്‍ക്ക് നല്‍കിവന്നു.

കമ്മീഷന്‍ ഇനത്തില്‍ സെപ്റ്റംബര്‍ വരെ 105കോടി രൂപ നല്‌കേണ്ടിയിരുന്ന സ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ക്ക് 196 കോടി രൂപ നല്‍കിക്കഴിഞ്ഞു.  ഇതുമൂലം ഒക്ടോബര്‍ മാസത്തിലെ കമ്മീഷന്‍ പൂര്‍ണ്ണമായി നല്‍കാന്‍ അധികമായി തുക ധനകാര്യ വകുപ്പ് അനുവദിക്കേണ്ടതായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇതിനായുള്ള നിര്‍ദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നല്കുകയും ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണ്ണമായിത്തന്നെ താമസംവിനാ വിതരണം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *