ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലെന്ന് എം എം മണി എം.എല്‍.എ. നോട്ടീസിന് പിന്നില്‍ താനാണെന്ന് പറയുന്നത് അസംബന്ധമാണ്. അതെന്‍റെ ജോലിയല്ല. രാജേന്ദ്രന്‍ ഭൂമി കൈയേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മണി പറഞ്ഞു. പഴയ എം.എല്‍.എ പദവി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് തീരുമാനിക്കേണ്ടതും റവന്യൂ വകുപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുറമ്പോക്കിലാണ് വീട് നിര്‍മ്മിച്ചതെന്നും സ്ഥലം ഒഴിയണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കുടിയൊഴിപ്പിക്കല്‍ നോട്ടീസിന് പിന്നില്‍ എം എം മണിയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. എം.എം. മണിയുടെ നേതൃത്വത്തിലുള്ള വേട്ടയാടലിന്‍റെ ഭാഗമാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ്. മൂന്നാറില്‍നിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുന്‍പ് എം.എം.മണി പൊതുവേദിയില്‍ ആഹ്വാനം ചെയ്തിരുന്നു. എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നല്‍കിയിരിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.