കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥന്‍ ഡിസിസി അധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയാണ് ഷാഫി പറമ്പിലിന് പരാതി നല്‍കിയത്.ശശി തരൂരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരിനാഥന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. ശബരിനാഥന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായി പ്രവര്‍ത്തിക്കുകയാണെന്നും സംഘടന ചട്ടകൂട് തകര്‍ക്കുകയാണെന്നും പരാതിയില്‍ വ്യ്ക്തമാക്കിയിട്ടുണ്ട്.
ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍ എത്തുന്ന പരിപാടിയില്‍ ആദ്യം പ്രതിപക്ഷ നേതാവ് വിഡി സതീശനെ യൂത്ത് കോണ്‍ഗ്രസുകാര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ സതീശന്‍ ക്ഷണം സ്വീകരിക്കാതെ വന്നതോടെ തരൂരിനെ സമീപിക്കാന്‍ അവിടുത്തെ നേതാക്കളോട് ശബരിനാഥന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇതിനിടെയാണ് ശബരിക്കെതിരെ പരാതിയുമായി കോട്ടയം ഡിസിസി അധ്യക്ഷന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിലും ശബരിനാഥനും ഷാഫി പറമ്പിലും രണ്ട് തട്ടിലാണെന്ന സൂചനകളുമുണ്ട്.
മാനേജ്മെന്‍റ് ക്വാട്ടയില്‍ നേതാവായ വ്യക്തിയാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം.ശബരിനാഥന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നിട്ട് എത്രനാളായി എന്ന് എല്ലാവര്‍ക്കും അറിയാമെന്നും ശബരിനാഥന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ലെന്നുമാണ് നാട്ടകം സുരേഷ് തുറന്നടിച്ചിരിക്കുന്നത്.
ഒരു ടാറ്റ കമ്പനി ജീവനക്കാരനില്‍ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥന്‍. അറിവ് കുറവുണ്ടെങ്കില്‍ പഠിക്കണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഏറെ നാള്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. യൂത്ത് കോണ്‍ഗ്രസ് പരിപാടികളൊക്കെ കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്. യൂത്ത് കോണ്‍ഗ്രസിന്‍റെ തരൂര്‍ പരിപാടിയെ സംബന്ധിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന്‍റെ ജില്ലാ കമ്മിറ്റിയില്‍ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ലെന്നാണ് നാട്ടകം സുരേഷ് പറയുന്നത്.