ചങ്ങനാശേരി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാഴപ്പള്ളി പഞ്ചായത്തിലെ 20ആം വാര്‍ഡില്‍പ്പെട്ട കുമരങ്കരിയില്‍ 8561 താറാവുകളെ കൊന്നു കുഴിച്ചുമൂടി.
ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരിയുടെ ജാഗ്രതാനിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ്, വെറ്ററിനറി, റവന്യു, പോലീസ്, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകം നിയോഗിക്കപ്പെട്ട ദ്രുതകര്‍മസേനയാണ് താറാവുകളെ കൊന്നൊടുക്കി കുഴിച്ചുമൂടിയത്.
ഇന്നലെ രാവിലെ ആരംഭിച്ച ദൗത്യം വൈകുന്നേരത്തോടെയാണ് പൂര്‍ത്തീകരിച്ചത്. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ഈ ഭാഗത്തെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ വളര്‍ത്തിയിരുന്ന താറാവുകളെയും കോഴികളെയും കൊന്നിട്ടുണ്ട്.
പക്ഷിപ്പനി ബാധിച്ച പക്ഷികളെ സംസ്കരിച്ച സ്ഥലമായതിനാല്‍ ആളുകളുടെ പ്രവേശനം കര്‍ശനമായി നിരോധിച്ചതായുള്ള ബോര്‍ഡുകളും ആരോഗ്യവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
വാഴപ്പള്ളി പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ ഓടേറ്റി തെക്ക് പാടശേഖരത്തില്‍ കൊയ്ത്തിനുശേഷം നെടുമുടി സ്വദേശിയായ ആള് തീറ്റുന്നതിനായി എത്തിച്ച 45 ദിവസം പ്രായമെത്തിയ പതിനാലായിരത്തോളം താറാവുകള്‍ക്കാണ് പക്ഷിപ്പനി ബാധിച്ചത്.
രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 18മുതലാണ് താറാവുകള്‍ ചത്തു വീണത്. ഹെല്‍ത്ത്, വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയും തിരുവല്ല മഞ്ഞാടിയിലെ ലാബില്‍ നടത്തിയ സിറം സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ 25ന് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 26ന് നടന്ന വിവേകാനന്ദാ സ്കൂളിലെ 52ആം നമ്പര്‍ ബൂത്തിൽ വോട്ടെടുപ്പ് അതീവ ജാഗ്രതയിലാണ് നടത്തിയത്.
ശനിയാഴ്ച ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും യോഗത്തിലാണ് രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചത്.