ആലപ്പുഴ: വിഷു ബംപര്‍ ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ വി.സി 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യം കൊണ്ടുവന്നത് ലോട്ടറി ചില്ലറ വില്പനക്കാരിയായ ജയലക്ഷ്മിക്കു കൂടിയാണ്. ജയലക്ഷ്മി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വി.ഇ 565485, വിജി 654490 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക.
ആലപ്പുഴ കൈതവനയില്‍ തൃക്കാര്‍ത്തിക ലോട്ടറി ഏജന്‍സിയുടെ ഉടമയായ അനില്കുമാറില്നിന്നു വാങ്ങിയ ടിക്കറ്റാണ് ആലപ്പുഴ പഴവീട് സ്വദേശിയായ ജയലക്ഷ്മി വിറ്റത്.
മിക്കവാറും സമീപ പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കാണു വിറ്റതെന്ന് ജയലക്ഷ്മി പറഞ്ഞു. സാധാരണ ബംപറിന്റെ ഒരു ബണ്ടില്‍ ബുക്കാണു വില്പനയ്ക്കായി എടുക്കാറുള്ളതെന്നും ഇത്തവണയും 10 എണ്ണമുള്ള ഒരു ലോട്ടറി ബുക്കാണു തൃക്കാര്‍ത്തിക ലോട്ടറി ഏജന്‍സിയില്‍ നിന്നു വാങ്ങിയതെന്നും ജയലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ബംപര്‍ ടിക്കറ്റുകള്‍ ജയലക്ഷ്മി വില്ക്കാന് ആരംഭിച്ചത്. പെട്ടിക്കടയില്‍ ലോട്ടറി വില്പന നടത്തുന്ന ആളാണ് ജയ. ചെറുകടികളും ചായയും കടയിലുണ്ട്. പതിനാറ് വര്‍ഷമായി ജയലക്ഷ്മി ലോട്ടറി വില്പന രംഗത്തുണ്ട്.
പള്ളാത്തുരുത്തിയിലായിരുന്നു ആദ്യം വില്പന നടത്തിയിരുന്നത്. കുറച്ചു നാളേ ആയുള്ളൂ പഴവീടിലേക്ക് വില്പന മാറ്റിയിട്ട്. കോവിഡ് വലിയ തോതില്‍ തന്നെ ബാധിച്ചിട്ടുണ്ടെന്ന് ജയലക്ഷമി പറഞ്ഞു.
കോവിഡിന്റെ കാലത്തു ഭര്‍ത്താവിന്റെ തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. പിന്നീട് വലിയൊരു അപകടത്തെയും ജയലക്ഷ്മിക്കു നേരിടേണ്ടതായി വന്നു. കുടുംബം വലിയ സാമ്പത്തിക ബാധ്യതയിലാണെന്നും ജയലക്ഷ്മി പറഞ്ഞു.
വീടിനും മകന്റെ വിദ്യാഭ്യാസത്തിനുമൊക്കെയായി എടുത്തതടക്കം 12 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും ബംപര്‍ സമ്മാനം അടിച്ചതിലൂടെ ലഭിക്കുന്ന കമ്മീഷൻ തുക കടം വീട്ടാന്‍ സഹായിക്കുമെന്നും ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ബംപര്‍ ആദ്യമാണെങ്കിലും മുപ്പതിനായിരം രൂപയൊക്കെ ജയലക്ഷ്മി വിറ്റ ടിക്കറ്റുകള്‍ക്ക് അടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും 30,000 രൂപയുടെ സമ്മാനം ലഭിച്ചിരുന്നു.
തിരുവനന്തപുരം ബേക്കറി ജംംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.comല്‍ ഫലം ലഭ്യമാകും.
10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്കുന്ന വിധത്തിലാണ് മറ്റ് സമ്മാന ഘടനകള്‍. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.