തിരുവനന്തപുരം: പതിനാല് വർഷം അനുഭവിച്ച വേദനകൾക്ക് ഒടുവിൽ ആശ്വാസം. സാക്രൽ എജെനെസിസ്(Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതു മൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ്. നട്ടെല്ലിനോടു ചേർന്നുള്ള ഭാഗത്തെ ശസ്ത്രക്രിയയായതിനാൽ പരാജയപ്പെട്ടാൽ ശരീരം പൂർണമായിത്തന്നെ തളർന്നു പോകാനും മലമൂത്ര വിസർജനം അറിയാൻ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ട്.
അതിസങ്കീർണമായ ഈ ശസ്ത്രക്രിയയാണു മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.
സ്കൂൾ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യകേരളം നഴ്സ് ലീനാ തോമസിൻറെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
കുട്ടിയുടെ ക്ലബ് ഫൂട്ടിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോൾ പെട്ടെന്നാണ് കുട്ടി ഡയപ്പർ ധരിച്ചിരിക്കുന്നതു ശ്രദ്ധിച്ചത്.
കൂടുതൽ അന്വേഷിച്ചപ്പോഴാണ് തൻറെ ജന്മനായുള്ള അസുഖത്തെക്കുറിച്ച് നഴ്സിനോട് പറയുന്നത്. അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ദിവസവും അഞ്ചു മുതൽ ആറുവരെ ഡയപ്പർ ധരിച്ചാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.
നട്ടെല്ലിൻറെ താഴ്ഭാഗത്തെ എല്ല് പൂർണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികൾ വളർച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേർന്നിരിക്കുന്ന അപൂർവ അവസ്ഥയാണ് ഈ രോഗം.
അഞ്ച് വയസുള്ളപ്പോൾ മാതാപിതാക്കൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചിരുന്നെങ്കിലും ശസ്ത്രക്രിയ സങ്കീർണമായതിനാൽ ഈ അസുഖത്തിന് പരിഹാരമില്ലെന്നുകണ്ട് ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ നഴ്സ് ലീനാ തോമസ് ജില്ലാ ആർ.ബി.എസ്.കെ കോർഡിനേറ്റർക്ക് സ്ക്രീനിംഗ് റിപ്പോർട്ട് നൽകി. അതിൻറെ അടിസ്ഥാനത്തിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ സർക്കാരിൻറെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ വിദഗ്ധ ചികിത്സയ്ക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രികളിൽ ഈ ശസ്ത്രക്രിയയ്ക്ക് അഞ്ചുലക്ഷം രൂപയെങ്കിലും ചെലവു വരും. ആശുപത്രിയിൽ കൂട്ടിരിക്കാൻ നാട്ടിൽ നിന്നു തന്നെ സ്പോൺസറെ കണ്ടെത്താനും കഴിഞ്ഞതോടെ ചികിത്സ ആരംഭിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ബിജു കൃഷ്ണൻറെ നേതൃത്വത്തിൽ അസോ. പ്രഫസർ ഡോ. ഷാജി മാത്യു, അസി. പ്രഫസർ ഡോ. ടിനു രവി ഏബ്രഹാം, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജെ. ലത തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഏഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.