Timely news thodupuzha

logo

വയോജനങ്ങൾക്കായി ഉല്ലാസക്കൂടൊരുക്കി ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്

ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്തിലെ 59 വയസ് പൂർത്തിയായ മുഴുവൻ ആളുകളേയും ചേർത്ത് ഉല്ലാസക്കൂടെന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി സമ്പൂർണ്ണ വയോജന സൗഹൃദ ഗ്രാമമാകാൻ ഒരുങ്ങുകയാണ് ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്.

ഇതിന് മുന്നോടിയായി പഞ്ചായത്തിലെ 16 വാർഡുകളിലായി പ്രത്യേകം സർവ്വേ നടത്തി കണ്ടെത്തിയ അയ്യായിരം വയോജനങ്ങളെ ഉൾപ്പെടുത്തി 82 അയൽക്കൂട്ട ഗ്രൂപ്പുകളും ഒരു വാർഡിന് ഒന്നെന്ന കണക്കിൽ 16 വാർഡ് തല കൂട്ടായ്മകളും രൂപീകരിച്ചു.

പഞ്ചായത്ത് തല സമിതിയാണ് നേതൃത്വം വഹിക്കുന്നത്. വിശദമായ സർവ്വേയിലൂടെ കണ്ടെത്തിയ പഞ്ചായത്തിലെ വയോജനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പഠനം നടത്തി ഇവർക്കായി പ്രത്യേക ആരോഗ്യ പ്ലാനും വിനോദ പദ്ധതിയും പരിജ്ഞാന – തൊഴിൽ പദ്ധതികളും ക്ഷേമ – പരിചരണ പദ്ധതിയും തയ്യാറാക്കി പഞ്ചായത്ത് വയോജന വികസന രേഖ തയ്യാറാക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൻ്റെ തുടർ പ്രവർത്തനങ്ങളും പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ ഓഫീസുകളും വയോ സൗഹൃദമാക്കി മാറ്റും.

കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ കോർഡിനേഷനായ കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ, പദ്ധതി നിർവ്വഹണ പ്രവർത്തനങ്ങൾക്ക് പിന്തുണാ സംവിധാനമൊരുക്കും.

ഇടുക്കി ജില്ലയിൽ ഈ പദ്ധതി നടപ്പിലാക്കുന്ന ഏക പഞ്ചായത്താണ് ഉടുമ്പന്നൂർ. കാർമേഘം ചൂടരുത് ഒരു വാർധക്യവും……
ആധികൾ പെയ്തൊഴിഞ്ഞ തെളിമാനമാകണമെന്ന സന്ദേശമുയർത്തി ഗ്രാമപഞ്ചായത്തിലെ എല്ലാ വയോജനങ്ങളുടേയും എല്ലാ വിധത്തിലുമുള്ള സന്തോഷമാണ് ഉല്ലാസക്കൂടിലൂടെ ഗ്രാമപഞ്ചായത്ത് ലക്ഷ്യം വെയ്ക്കുന്നതെന്ന് പ്രസിഡൻ്റ് എം ലതീഷ് പറഞ്ഞു.

പദ്ധതി നിർവ്വഹണ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തല ഭാരവാഹികൾക്കുള്ള രണ്ടാം ഘട്ട പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി മദൻ മോഹൻ ഉദ്ഘാടനം ചെയ്തു. ഉല്ലാസക്കൂട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.വി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരിജ ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ലതീഷ് മുഖ്യപ്രഭാഷണം നടത്തി.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ സ്വാഗതവും ഉല്ലാസക്കൂട് ജോ. സെക്രട്ടറി കെ.എസ് രാജൻ നന്ദിയും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശാന്തമ്മ ജോയി, സുലൈഷ സലിം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *