


ആലക്കോട്: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും കലയന്താനി വി.എഫ്.പി.സി.കെ വിപണി ഹാളിൽ വച്ച് സംഘടിപ്പിച്ചു.




ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം നിർവഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരണവും ചർച്ചയും നടത്തി.



ഞാറ്റുവേല ചന്തയോടനുബന്ധിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നേഴ്സറിയിൽ ഉത്പാദിപ്പിച്ച കമുകിൻ തൈകൾ, കർഷകരുത്പാദിപ്പിച്ച ജൈവ വളങ്ങൾ(ജീവാമൃതം, ഖന ജീവാമൃതം), കുരുമുളക് തൈകൾ, ഫല വൃക്ഷ തൈകൾ, പച്ചക്കറി വിത്തുകൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും ഉണ്ടായിരുന്നു.

പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷാന്റി ബിനോയ്, വാർഡ് മെമ്പർമാരായ ഇ.എസ് റഷീദ്, ജോസഫ് ചാക്കോ, സംസ്ഥാന ജൈവ കാർഷിക അവാർഡ് ജേതാവ് ബൈജുമോൻ എം.കെ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.