തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്നും സാൻ ഫർണാണ്ടോ കപ്പലിൻറെ മടക്കയാത്ര വൈകിയേക്കുമെന്ന് വിവരം. ട്രയൽ റൺ തുടക്കമായതിനാൽ കപ്പലിൽ നിന്നും കണ്ടെയ്നറുകൾ വളരെ പതുക്കെയാണ് ഇറക്കുന്നതെന്നും ഇതുമൂലം കൂടുതൽ സമയം ചരക്കിറക്കത്തിന് വേണ്ടിവരുമെന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം.
അതേസമയം, 1930ൽ 1000ത്തോളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയതായും അധികൃതർ അറിയിച്ചു. കണ്ടെയ്നറുകൾ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ നാളെയോടായി സാൻ ഫർണാണ്ടോ കപ്പൽ തീരം വിടും.
15നാണ് കപ്പലിൻറെ കൊളംമ്പോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ കപ്പലിൻറെ മടക്കമനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തുമെന്നാണ് സൂചന. ഇതും പൂർത്തിയാകുന്നതോടെ ട്രാൻഷിപ്പ്മെൻറുമാകും.
വ്യാഴാഴ്ച രാവിലെയാണ് സാൻ ഫർണാണ്ടോയെന്ന മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് എത്തി വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചത്. പിന്നീട് വെള്ളിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കപ്പലിലെ ഓദ്യോഗികമായി സ്വീകരിച്ചു.