മധ്യപ്രദേശ്: സ്വകാര്യ ഭൂമിയിലെ റോഡ് നിർമാണത്തിനെ എതിർത്തതിന് സ്ത്രീകളെ ജീവനോടെ കുഴിച്ച് മൂടാൻ ശ്രമം. റോഡ് പണിയുന്നതിനായി കൊണ്ടുവന്ന ചരലും മണലും ലോറിയിൽ നിന്ന് അപ്പാടെ ഈ സ്ത്രീകളുടെ ദേഹത്തേക്ക് തട്ടിയിടുകയായിരുന്നു.
മധ്യപ്രദേശിലെ രേവ ജില്ലയിലെ ഹിനോത ജോറോത്തെന്ന ഗ്രാമത്തിലാണ് സംഭവം. കഴുത്തറ്റം മൂടിയ അവസ്ഥയിലായിരുന്ന ഇവരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
മമത പാണ്ഡേ, ആശ പാണ്ഡേ എന്നിവര്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ മാങ്കവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡ് പണിക്കായി മണ്ണും ചരലുമായെത്തിയ ട്രക്കിന് സമീപത്തായി ഇരുവരും ഇരിക്കുകയായിരുന്നു.
പ്രതിഷേധം തുടർന്നതിന് പിന്നാലെ ട്രക്കിലെ മണ്ണും ചരലും ഈ സ്ത്രീകളുടെ ദേഹത്തേക്ക് കമഴ്ത്തിയിട്ടു. ഉടൻ തന്നെ പ്രദേശവാസികൾ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
സ്ഥലത്തിന്റെ പേരിലുള്ള കുടുംബവഴക്കാണ് അതിക്രമത്തിന് കാരണമായകത്. സംഭവത്തിൽ ട്രക്ക് ഓടിച്ചിരുന്ന ഒരാൾ അറസ്റ്റിലായി. രണ്ടുപേർ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.