Timely news thodupuzha

logo

മകനെ കാണാതായിട്ട് മൂന്ന് പതിറ്റാണ്ട്; പ്രതീക്ഷയോടെ ഒരമ്മ കാത്തിരിക്കുന്നു

തൊടുപുഴ: മൂന്ന് പതിറ്റാണ്ട് മുമ്പ് കാണാതായ മകനെ തേടി പ്രതീക്ഷയോടെ ഒരമ്മ. തൊടുപുഴ മണക്കാട് സ്വദേശിനി ഗിരിജയാണ് 1994ല്‍ ഡല്‍ഹിയിലെ താമസ സ്ഥലത്ത് നിന്നും നഷ്ടപ്പെട്ട മകന്‍ സജന്‍ കുമാറിനെ തേടുന്നത്. മകനെ തേടി അലയാത്ത വഴികളില്ല….. ഒരിക്കല്‍ കൂടി തന്റെ മകനെയൊന്ന് കാണണമേയെന്ന ആഗ്രഹം മാത്രമാണ് എഴുപതുകാരിയായ ഈ അമ്മയ്ക്കുള്ളത്.

1990 കളിലാണ് ഡിഫന്‍സ് മിനിസ്ട്രിയില്‍ ജോലിയുള്ള ഭര്‍ത്താവ് ചന്ദ്രശേഖരന്‍ നായരുമൊത്ത് താമസിക്കാന്‍ മകന്‍ സജനെയും മകള്‍ സ്നേഹയേയും കൂട്ടി ഗിരിജ ഡല്‍ഹിയിലെ ആര്‍.കെ. പുരത്തെത്തുന്നത്. ഇലക്ട്രോണികസ് മോഹമുള്ള മകനെ ആ മാതാപിതാക്കള്‍ ആര്‍.കെ പുരത്ത് തന്നെയുള്ള കേരളാ പബ്‌ളിക് സ്‌കൂളിലാണ് പഠിക്കാനായച്ചത്. എന്നാല്‍ പത്താം ക്ലാസ് പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ സജന് മാര്‍ക്ക് തീരെ കുറഞ്ഞ് പോയി. ഇതേച്ചൊല്ലി പിതാവ് ശകാരിച്ചു. ഇതില്‍ മനംനൊന്ത സജന്‍ രാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. 1994 ഓഗസ്ത് 17ന് ശനിയാഴ്ചയായിരുന്നു സംഭവമെന്ന് മാതാവ് ഗിരിജ ഓര്‍ക്കുന്നു.

മകനെ കാണാതായ സംഭവത്തില്‍ അന്ന് തന്നെ ആര്‍.കെ പുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ യു.പിയിലെ മാരുതി കമ്പനിയില്‍ താല്‍ക്കാലിക ജോലി ലഭിച്ചതായി സൂചിപ്പിച്ച് സജന്‍ കുമാര്‍ ഡല്‍ഹിയിലുള്ള മാതാവിന് കത്തയച്ചിരുന്നു. രണ്ട് മാസം കൂടുമ്പോള്‍ മകന്റെ കൈയ്യക്ഷരത്തില്‍ തന്നെയുള്ള കത്തുകള്‍ വരുമായിരുന്നുവെന്ന് ഗിരിജ പറയുന്നു. ഉടന്‍ തന്നെ വീട്ടില്‍ മടങ്ങിയെത്താമെന്നും അമ്മയെ വന്ന് കണ്ട് കൊള്ളാമെന്നും അച്ഛന്‍ വഴക്ക് പറയുമോയെന്ന ഭയമുണ്ടെന്നും ഒക്കെയായിരുന്നു കത്തിലെ ഉള്ളടക്കം. രണ്ട് വര്‍ഷത്തോളം ഇത്തരത്തില്‍ കത്തുകള്‍ വന്നിരുന്നു. എന്നാല്‍ താമസ സ്ഥലമോ മറ്റ് വിവരങ്ങളോ ഒന്നും കത്തിലുള്‍പ്പെടുത്താത്തതിനാല്‍ സജന്‍ എവിടെയെന്ന് സൂചന ലഭിച്ചില്ല. ഇടയ്‌ക്കൊക്കെ സുരേഷ് കുമാറെന്ന പേരിലാണ് കത്തയച്ചിരുന്നത്.

1996ല്‍ ജോലിയില്‍ നിന്നും വിരമിച്ചതോടെ ചന്ദ്രശേഖരന്‍ നായരും കുടുംബവും തിരികെ നാട്ടിലേക്ക് മടങ്ങി. 12 വര്‍ഷം മുമ്പ് ചന്ദ്രശേഖരന്‍ നായര്‍ മരിച്ചു. മകളെ വിവാഹം കഴിച്ചയക്കുകയും കൂടി ചെയ്തതോടെ മണക്കാട്ടെ വീട്ടില്‍ ഗിരിജ ഒറ്റക്കായി. ഇതിനിടെ മകനെ പലരും ബോബെയിലും ചെന്നൈയിലും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വച്ച് കണ്ടതായും മാതാവിനെ അറിയിച്ചു. തന്റെ കാലം കഴിയുന്നതിന് മുന്നേ മകനയൊന്ന് കാണണമെന്ന ഏക ആഗ്രഹവുമായി വഴിപാടുകളും നേര്‍ച്ചയും നടത്തി കാത്തിരിക്കുകയാണ് ഈ മാതാവ്.

Leave a Comment

Your email address will not be published. Required fields are marked *