ന്യൂഡൽഹി: വിസ്‌താര വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ പൂർണമായും ലയിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പുർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി 2013ൽ രംഗത്തെത്തിയ വിസ്‌താര നവംബർ 11ന് സർവീസ് അവസാനിപ്പിക്കും.
13 മുതൽ വിസ്‌താര കമ്പനിയും സർവീസ് റൂട്ടുകളും ജീവനക്കാരും എയർ ഇന്ത്യയുടെ ഭാഗമാകും.സെപ്തംബർ മൂന്ന് മുതൽ വിസ്‌താരയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ല. അതിനുശേഷം എയർ ഇന്ത്യയിലാവും ബുക്കിംഗ്. നവംബർ 12ന് ശേഷമുള്ള വിസ്‌താരയിൽ ബുക്ക് ചെയ്‌തിരുന്നവർക്ക് എയർ ഇന്ത്യ ടിക്കറ്റ് നൽകും.
ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ ലയനത്തിന് ജൂണിൽ അന്തിമ അനുമതി നൽകി. വിസ്‌താരയിൽ 49 ശതമാനം ഓഹരിയുള്ള സിംഗപ്പുർ എയർലൈൻസിന് വിപുലീകരിക്കപ്പെടുന്ന എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരിയുണ്ടാകും.
നേരിട്ടുള്ള വിദേശ നിക്ഷേപം വഴി 2,000 കോടി രൂപയാണ് കമ്പനി എയർഇന്ത്യയിൽ നിക്ഷേപിച്ചത്. ഇതുവരെ കമ്പനിക്കൊപ്പംനിന്ന ഉപഭോക്താക്കൾക്ക് വിസ്‌താര ചീഫ് എക്‌സിക്യൂട്ടീവ് വിനോദ് കണ്ണൻ നന്ദി പറഞ്ഞു.