മലപ്പുറം: പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ സുരക്ഷിതനായി ഊട്ടിയില്‍ നിന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം ആറ് ദിവസം നീണ്ട് നിന്ന തിരിച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.
വിവാഹത്തിന് നാല് ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയത്. കാണാതായപ്പോള്‍ മുതല്‍ സ്വിച്ച് ഓഫായിരുന്ന ഇയാളുടെ ഫോണ്‍ തിങ്കളാഴ്ച രാത്രിയോടൈ ഓണായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.
വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പാലക്കാട്ടേക്ക് ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഇവിടെയെത്തി സുഹൃത്തിന്‍റെ പക്കല്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങി തിരികെ മടങ്ങുമ്പോഴാണ് കാണാതായത്. പിന്നീട് പല തവണ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.
വിഷ്ണുജിത്ത് പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിൽ എത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിഷ്ണുജിത്തിനെ കണ്ടെത്തിയതായും പൊലീസിന്‍റെ കസ്റ്റഡിയിൽ ഉള്ളതായും മലപ്പുറം എസ്.പി ശശിധരൻ അറിയിച്ചു.