കോഴിക്കോട്: പി.വി അന്‍വര്‍ എം.എൽ.എ ശത്രുക്കളുടെ കൈയില്‍ കളിക്കുകയാണെന്ന് സംശയിക്കുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ റ്റി.പി രാമകൃഷ്ണന്‍.
അന്‍വറിന്‍റെ ചെയ്തികള്‍ തെറ്റാണ്. ജനങ്ങളില്‍ നിന്ന് നേടിയ അംഗീകാരമാണ് മുഖ്യമന്ത്രിക്ക്. ജനങ്ങള്‍ നല്‍കിയ സൂര്യതേജസാണ് മുഖ്യമന്ത്രിയുടേതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. അത് പൂര്‍ത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. പാര്‍ട്ടി നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചതിച്ചുവെന്ന് അന്‍വര്‍ പറയുന്നത് അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ല. ആ ശോഭ ഈ വര്‍ത്തമാനം കൊണ്ട് കെട്ടുപോകില്ല.
അന്‍വര്‍ ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹം നിലപാട് തിരുത്തണം. സി.പി.എം അംഗമാണെങ്കില്‍ അന്‍വറിനെതിരേ നടപടിയെടുക്കാം. പക്ഷേ, അദ്ദേഹം സ്വതന്ത്ര എംഎല്‍എയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ലെന്നും രാമകൃഷ്ണന്‍ പ്രതികരിച്ചു.