തൊടുപുഴ: അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങളിൽ ജില്ലയ്ക്ക് ആശങ്കപ്പെടാനില്ലെങ്കിലും മറ്റ് പനികൾ വ്യാപിച്ചിരിക്കുകയാണ്. വൈറൽ പനിയാണ് കൂടുതലും. ഈ മാസം 23 വരെ 5720 പേർ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ വേറെയും. രണ്ടേ മൂന്ന് ദിവസം കൊണ്ട് പനി മാറിയാലും ചുമയും മറ്റ് ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീണ്ട് നിൽക്കുന്ന സ്ഥിതിയാണ്. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുകയും ചെയ്യുന്നു. സ്കൂൾ കുട്ടികൾക്കിടയിലും പനി വ്യാപനമുണ്ട്.
മറ്റു ജില്ലയിൽ മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ജില്ലയിലെ എല്ലാ റിസോർട്ടുകളിലും നീന്തൽ കുളങ്ങളിലും കൃത്യമായി ക്ലോറിനേഷൻ നടത്താനും അത് നിശ്ചിത ഇടവേളകളിൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജില്ലാ ആരോഗ്യ വകുപ്പ് അതത് മേഖലകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. അതുപോലെ തന്നെ മറ്റു പകർച്ചവ്യാധികൾ സംബന്ധിച്ചും ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.