തൊടുപുഴ: പൂമാല റൂട്ടിൽ ഓടുന്ന ചില ബസുകൾ സ്റ്റാൻഡിൽ എത്തുന്ന വിദ്യാർഥികളെ കയറ്റാതെ പോകുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. പൂമാല റൂട്ടിൽ ഓടുന്ന ചില ബസുകൾ സ്റ്റാൻഡിൽ എത്തുന്ന വിദ്യാർഥികളെ കയറ്റാതെ പോകുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്താണ് വിദ്യാർഥികളെ കയറ്റാതെ പോകുന്നത്.
ഈ റൂട്ടിലുള്ള ബസുകൾക്ക് നിശ്ചയിച്ചിരിക്കുന്ന ട്രാക്കിൽ കയറ്റി ഇടാതെ ബസുകൾ സ്റ്റാൻഡിന്റെ പിൻ ഭാഗത്തായി പാർക്ക് ചെയ്യുകയും ഇവിടെ എത്തുന്ന മറ്റു യാത്രക്കാരെ മാത്രം കയറ്റിപ്പോകുകയും ചെയ്യുന്നതാണ് രീതി. ഇവിടേക്ക് വിദ്യാർഥികൾ എത്തിയാൽ വാതിൽക്കൽ കാവൽ നിൽക്കുന്ന ബസ് ജീവനക്കാർ ഇവരെ തടയും.
അടുത്ത ബസിൽ പോരാനാണ് ഇവരോട് കൽപിക്കുന്നത്. ബസിൽ കയറാൻ ശ്രമിച്ചാൽ വിദ്യാർഥികളെ കയറ്റാതെ നിൽക്കുന്ന ജീവനക്കാരുടെ കാലിന്റെ ഇടയിലൂടെ ഞെരുങ്ങി വേണം ബസിൽ കയറി പറ്റാൻ. സ്ത്രീകളും പെൺകുട്ടികളും എത്തിയാലും ബസിന്റെ വാതിലിൽ നിൽക്കുന്ന ബസ് ജീവനക്കാർ താഴേക്ക് ഇറങ്ങി നിൽക്കുകയോ അകത്തേക്ക് മാറി കൊടുക്കുകയോ ചെയ്യാറില്ല. ഇനി ഇവരുടെ തടസ്സം ഒഴിവാക്കി ബസിൽ കയറിയാലും വിദ്യാർഥികൾ ബസ് ജീവനക്കാരുടെ പുലഭ്യം കേൾക്കേണ്ട ഗതികേടാണ്.