കൊളംബോ: ശ്രീലങ്കൻ പാർലമെൻറ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് വരെയാണ്. 1.7 കോടി വോട്ടർമാർ വിധിയെഴുതും.
2022ൽ രാജ്യം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം 225 അംഗ പാർലമെൻറിലേക്ക് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അഞ്ച് വർഷമാണ് പാർലമെൻറിൻറെ കാലാവധി. എൻ.പി.പിയുടെ അനുരകുമാര ദിസനായകെ പ്രസിഡൻറായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു കൂടിയാണിത്. അതുകൊണ്ടുതന്നെ ജനവിധി ദിസനായകെയ്ക്കും പ്രധാനമാണ്.
അഴിമതി വിരുദ്ധ നടപടികളുടെയും സാമ്പത്തിക പരിഷ്കരണങ്ങളുടെയും സുഗമമായ നടത്തിപ്പിന് പാർലമെൻറിൽ 113 സീറ്റുകൾ എൻ.പി.പിയ്ക്ക് ലഭിച്ചേ മതിയാകൂ. 13,314 പോളിങ്ങ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പിന് പൊലീസിൽ നിന്നും സൈന്യത്തിൽ നിന്നുമായി 90000 അംഗങ്ങളെ സുരക്ഷയ്ക്ക് നിയോഗിച്ചു.