തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ശനിയാഴ്ച അന്വേഷണ സംഘം തിരൂർ സതീശിൻ്റെ മൊഴിയെടുക്കും. തുടരന്വേഷണത്തിന് ഇരിങ്ങാലക്കുട അഢീഷണൽ സെഷൻസ് കോടതി അനുമതി നൽകിയതോടെയാണ് മൊഴിയെടുക്കുന്നത്.
കൊച്ചി ഡിസിപി സുദർശൻറെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11 മണി മുതൽ മൊഴി രേഖപ്പെടുത്തും. 200 സാക്ഷികളാണ് കേസിലുളളത്. ധർമരാജൻ ഉൾപ്പടെ 25 സാക്ഷികളുടെ മൊഴികളിൽ കള്ളപ്പണ കടത്ത് സംബന്ധിച്ച് വെളിപ്പെടുത്തൽ ഉണ്ട്. തുടരന്വേഷണത്തിന് അനുമതി ലഭിച്ചാൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരെ ചോദ‍്യം ചെയ്യാൻ അന്വേഷണ സംഘം തിരുമാനിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഒമ്പത് കോടി രൂപ എത്തിച്ചെന്നും ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ സുരേന്ദ്രൻ അടക്കം ബിജെപി ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്നായിരുന്നു തിരൂർ സതീശിൻറെ വെളിപ്പെടുത്തൽ.
പണം എത്തിച്ച ധർമരാജനുമായി സുരേന്ദ്രനും ബി.ജെ.പി ജില്ലാ അധ‍്യക്ഷനും ചർച്ച നടത്തിയെന്നും സതീശ് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിൽ തുടരന്വേഷണം വേണമെന്നാണ് അന്വേഷണ സംഘം ആവശ‍്യപ്പെട്ടിരിക്കുന്നത്.