കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയാണ്. ശക്തമായ മഴ മുന്നറിയിപ്പ് എത്തിയതിനു പിന്നാലെ ഞായറാഴ്ച വൈകിട്ടോട് കൂടി തന്നെ വിവിധ ജില്ലയിലെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കണ്ണൂർ ജില്ലയിൽ മാത്രം അർധ രാത്രിയോടെയാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ കണ്ണൂർ കലക്റ്റർ അരുൺ കെ. വിജയന് വിമർശനവും പരിഹാസവുമായി സോഷ്യൽ മീഡിയ സജീവമായി. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെയെന്ന് ചിലർ കുറിച്ചപ്പോൾ മറ്റു ചിലർ രാത്രി വൈകി ഉറങ്ങണമെന്ന് പറയുന്നത് ഇതാണെന്ന് പരിഹസിച്ചു.
ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റപ്പോൾ ഇട്ട പോസ്റ്റാണോ എന്നും കുറച്ചു കൂടി കഴിഞ്ഞ് പ്രഖ്യാപിച്ചാൽ മതിയായിരുന്നു എന്നു കൂടി നീളുന്നു കമൻറുകൾ.