റോഡിൽ കാൽനട യാത്രക്കാർക്കാണു മുൻഗണന. വലിയ വാഹനങ്ങൾക്കുള്ള പരിഗണന ഏറ്റവും ഒടുവിലാണ്”- കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാണിച്ചതാണിത്. ഇങ്ങനെയൊരു നിരീക്ഷണം ആദ്യമായി ഉണ്ടാവുന്നതല്ല. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണിത്. സമയക്രമത്തിന്റെ പേരു പറഞ്ഞ് റോഡുകളിൽ പൊതു നിയമങ്ങൾ ലംഘിച്ചു പാഞ്ഞ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന സ്വകാര്യ ബസുകൾക്കു താക്കീതു നൽകിയാണു കോടതി ഇതു ചൂണ്ടിക്കാണിച്ചതെങ്കിലും മറ്റു വാഹനങ്ങൾ ഓടിക്കുന്നവർക്കും ബാധകമാണിത്.
ഉത്തരവാദിത്വബോധമുള്ള ഡ്രൈവർമാർ കാൽനട യാത്രക്കാർക്കും തങ്ങളുടേതിനെക്കാൾ ചെറിയ വാഹനങ്ങൾക്കും മുന്തിയ പരിഗണന നൽകും. അതേസമയം, കാൽനട യാത്രക്കാരെ പരിഗണിക്കുക പോലുമില്ലാത്ത ഡ്രൈവിങ് പലർക്കും ശീലമാണ് എന്നതും വാസ്തവം. ക്രോസിങ്ങുകളിൽ പോലും കാൽനട യാത്രക്കാരെ ചിലർ പരിഗണിക്കാറില്ല.
കഴിയുന്നത്ര വേഗം കുറയ്ക്കാതിരിക്കാനും അവർ ശ്രമിക്കും, ഹോൺ മുഴക്കി ആളുകളെ ഭയപ്പെടുത്തി ഓടിച്ചും മറ്റും.എറണാകുളം മാധവ ഫാർമസി ജംക്ഷനിൽ ബൈക്ക് യാത്രികൻ വൈപ്പിൻ സ്വദേശി ആന്റണി സ്വകാര്യ ബസിനടിയിൽപ്പെട്ടു മരിച്ച സംഭവത്തെത്തുടർന്ന് സ്വമേധയാ പരിഗണിച്ച കേസിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാർ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. റോഡിൽ ഇനിയൊരു ജീവൻ പോലും ഇത്തരത്തിൽ പൊലിയാതിരിക്കാനുള്ള കർശന നടപടികൾ പൊലീസ് സ്വീകരിക്കാനാണു കോടതി ആവശ്യപ്പെടുന്നത്.