ചെന്നൈ: തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത‍്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടയം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ.ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ തുടങ്ങിയവരാണ് മരിച്ചത്.
ഷാജി പി.ഡി എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ചിരുന്ന 18 പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഏർക്കാടെന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ് മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ആയിരുന്നു.