കൊച്ചി: മെട്രൊയുടെ പ്രവര്‍ത്തന ലാഭം അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക് ഉയര്‍ന്നു. 2023 – 2024 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പ്രവര്‍ത്തന വരുമാനം 151.30 കോടി രൂപയും പ്രവര്‍ത്തന ചെലവ് 205.59 കോടി രൂപയുമാണ്. 60.31 കോടി രൂപ നോണ്‍-മോട്ടോറൈസ്ഡ് ട്രാന്‍സ്പോര്‍ട്ട്(എന്‍.എം.റ്റി) ചെലവ് പ്രവര്‍ത്തന ചെലവില്‍ നിന്ന് ഒഴിവാക്കിയെന്നും യഥാർത്ഥ ചെലവ് 145 കോടി മാത്രമാണെന്നും കെ.എം.ആര്.എല്‍ വ്യക്തമാക്കി.
നടപ്പ് സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം ലാഭം 30 കോടി രൂപയെങ്കിലും വരുമെന്നാണു കണക്കാക്കുന്നത്. ഈ വര്‍ഷം ക്രിസ്മസ് തലേന്ന് 1,14,640 പേരാണ് മെട്രൊയില്‍ യാത്ര ചെയ്തത്. മെട്രൊ നിര്‍മാണത്തിന് എടുത്ത വിദേശ വായ്പയുടെ തിരിച്ചടവ് മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിനു ബാധ്യതയായുള്ളത്. സര്‍വീസ് ആരംഭിച്ച 2017 – 2018 വര്‍ഷം 24 കോടി രൂപ പ്രവര്‍ത്തന നഷ്ടത്തിലായിരുന്ന കൊച്ചി മെട്രൊ ഏഴാം വര്‍ഷം അത്രയും തന്നെ തുക പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തി.
2021 – 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭമുണ്ടായിരുന്നില്ല. 34.94 കോടി രൂപയായിരുന്നു നഷ്ടം. എന്നാല്‍, 2022 – 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപയായി. 2023-24 സാമ്പത്തിക വര്‍ഷത്തിലും പ്രവര്‍ത്തന ലാഭം 22.94 കോടി രൂപയായി ഉയര്‍ന്നത് അഭിമാനകരമായ നേട്ടമാണെന്നും കെ.എം.ആര്.എല്‍ അധികൃതര്‍ വ്യക്തമാക്കി.