കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ ദിവ‍്യ ഉണ്ണി, സിജോയ് വർഗീസ് തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ‍്യാപകരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാനെത്തി വി.ഐ.പി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എം.എൽ.എ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. സ്റ്റേജ് നിർമിച്ചത് അപകടരമായി തന്നെയാണെന്നാണ് റിപ്പോർട്ടിലുള്ളത്.
പൊലീസും ഫയർഫോർസും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. അതേസമയം, പരിപാടിയുടെ സംഘാടകരുടെ മുൻകൂർ ജാമ‍്യഹർജി ചൊവ്വാഴ്ച പരിഗണിക്കും.
മൃദംഗ വിഷൻ എം.ഡി.എം നിഗോഷ് കുമാർ, ഓസ്‌കർ ഇവൻറ് മാനേജ്‌മെൻറ് ഉടമ പി.എസ് ജനീഷ് തുടങ്ങിയവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. എല്ലാ സുരക്ഷാ മുൻകരുതലും പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വാദം.