സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത‍്യക്ക് ബാറ്റിങ്ങ് തകർച്ച. 57.5 ഓവർ പിന്നിടുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലാണ് ഇന്ത‍്യ. 15 റൺസുമായി രവീന്ദ്ര ജഡേജയും നിതീഷ് റെഡ്ഡിയുമാണ് ക്രീസിൽ.
യശസി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത് തുടങ്ങിയവരുടെ വിക്കറ്റാണ് ഇന്ത‍്യക്ക് നഷ്ടമായത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് അഞ്ചാം ഓവറിൽ തന്നെ ഓപ്പണിങ് ബാറ്റർ രാഹുലിനെ(4) നഷ്ടമായി.
മിച്ചൽ സ്റ്റാർക്കിനായിരുന്നു വിക്കറ്റ്. സ്കോർ 17ൽ നിൽക്കേ 10 റൺസെടുത്ത് ജയ്സ്വാളും മടങ്ങി. പിന്നാലെ വന്ന ശുഭ്മാൻ ഗില്ലിനും(20) വിരാട് കോലിക്കും(17) നിലയുറപ്പിക്കാനായില്ല.
നഥാൻ ലിയോണാണ് ഗില്ലിനെ പുറത്താക്കിയത്. ഗിൽ പുറത്തായതിന് പിന്നാലെ കോലിയെയും നഷ്ടമായി. പതിവ് ശൈലിയിൽ ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോയ പന്ത് ബാറ്റ് വച്ചാണ് കോലി മടങ്ങിയത്.
സ്കോട്ട് ബോലാൻഡിനായിരുന്നു വിക്കറ്റ്. രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ക‍്യാപ്റ്റൻ. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത‍്യ ബോർഡർ ഗവാസ്ക്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുന്നത്.
രോഹിത് ശർമയ്ക്ക് പകരം ശുഭ്മാൻ ഗില്ലും പരുക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തി. രോഹിത് ശർമ മാറിനിൽക്കാൻ സ്വയം തിരുമാനിച്ചതാണെന്നാണ് ടോസിനിടെ ബുംറ വ‍്യക്തമാക്കിയത്. ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് മത്സരത്തിൻറെ ഫൈനൽ സാധ‍്യത നിലനിർത്തണമെങ്കിൽ അഞ്ചാം ടെസ്റ്റ് ഇന്ത‍്യ വിജയിക്കണം.
ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ ഇന്ത‍്യ ഫൈനൽ കാണാതെ പുറത്താകും. അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഓസ്ട്രേലിയ(2-1) മുന്നിലാണ്.